ന്യൂഡൽഹി: ജനസേവന യാത്രയിൽ 25 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘സേവാ ജ്യോതി’ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി താൻ അധികാരമേറ്റപ്പോൾ, രാജ്യത്തിൻ്റെ ഭരണത്തലവനെന്ന നിലയിൽ ഈ വെള്ളി വെളിച്ചം നിറഞ്ഞ നാഴികക്കല്ല് തന്നെ തേടിയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ശ്രീ വിനായക് മന്ദിറിൽ അദ്ദേഹം പ്രത്യേക പൂജകളും ആരതിയും നടത്തിയിരുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെ ഈ 25 വർഷത്തെ ഭരണനേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയവും പാസാക്കി. 2001 ഒക്ടോബർ 7-നാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മൂന്ന് തവണ വിജയകരമായി മുഖ്യമന്ത്രി പദവിയിൽ തുടർന്ന അദ്ദേഹം, ഗുജറാത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോഡും സ്വന്തമാക്കി.
ഗുജറാത്തിലെ ഭരണമികവിന്റെ കരുത്തുമായി 2014-ലെ പൊതുതെരഞ്ഞെടുപ്പിനെ നയിച്ച അദ്ദേഹം, വൻ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു. 2019-ൽ ആദ്യത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2024 ജൂണിൽ തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട്, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ നേതാവായി നരേന്ദ്ര മോദി മാറി.



