കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് കനക്കുന്നു. പരസ്യപ്രസ്താവനകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പുറമെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രം ജനയുഗം രംഗത്തുവന്നു. സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിൽ ഭരണകാലത്തെ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ കാണാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും വേണമെന്ന ഉദ്ദേശത്തിന്റെ പുറത്താണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെട്ടതെന്ന് ലേഖനത്തിലുണ്ട്. 1977ന് ശേഷം രാജ്യത്ത് ഒരൊറ്റ സംസ്ഥാനത്തും സിപിഎമ്മിന് ഗവൺമെന്റില്ലെന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ടിലെ കണ്ടെത്തലും ഇതിനായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബിജെപി-സംഘ്പരിവാർ ശക്തികൾ രാജ്യത്താകെ ചെലുത്തുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം തൂങ്ങിനിൽക്കുന്നത് ഗുണകരമാവില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ വിപുലവും കൂട്ടായതുമായ രാഷ്ട്രീയ പരിശ്രമം ആവശ്യമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.



