തിരുവനന്തപുരം: തിരിച്ചുവരവിനായുള്ള തിരുത്തൽ നടപടിയിലേക്ക് കടക്കുമ്പോൾ സി.പി.എമ്മിനുള്ളിൽ ഭിന്നത ശക്തമാകുന്നു. തിരുത്തേണ്ടത് എന്തൊക്കെയാണെന്നതാണ് കോഴിക്കോട്ടുനടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി തീരുമാനിക്കേണ്ടത്. ആ തീരുമാനം അടിമുടി മാറ്റത്തിനുള്ളതാകണമെന്ന ലക്ഷ്യവുമായാണ് ഒരുവിഭാഗത്തിന്റെ നീക്കം. പാർട്ടിക്കും നേതാക്കളുടെ മനോഭാവത്തിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പാർട്ടി വേദിയിലെ തുറന്നുപറച്ചിൽ ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. തെറ്റ് ജനങ്ങൾക്കാണ് പറ്റിയതെന്നും അവരുടെ തെറ്റിദ്ധാരണ മാറ്റുകയാണ് വേണ്ടതെന്നുമുള്ള വാദമാണ് മറുപക്ഷത്തിന്റേത്. അതിനുമുൻപിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. നേതൃതലത്തിൽ മുഖംമാറ്റമില്ലാതെ മുന്നേറാനാവില്ലെന്ന വികാരം സി.പി.എമ്മിനുള്ളിൽ ശക്തമാണ്. പിണറായി പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്നും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്ന നിലപാടാണ് ഇതിനുപിന്നിൽ.
ഇത് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ളതും പ്രവർത്തനരീതി മാറേണ്ടതിന്റെ നിർദേശം ഉൾക്കൊള്ളുന്നതുമാണ്. 7, 8 തീയതികളിൽ നടക്കുന്ന സംസ്ഥാനകമ്മിറ്റിയോഗം ഇത് അംഗീകരിച്ച് അന്തിമമാക്കും. അതിനുമുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. ഒമ്പത് പി.ബി. അംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിശാല സംസ്ഥാനസമിതി നടക്കുക.



