ദേശാഭിമാനി വാരാന്തപ്പതിപ്പ്: ചുമതലയുള്ള ന്യൂസ് എഡിറ്റര്‍ക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഇടപെട്ട് പാര്‍ട്ടി നേതൃത്വം. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ. ആര്‍ അജയന് പാര്‍ട്ടി നേതൃത്വം നോട്ടീസ് നല്‍കി. നാല് മണിക്ക് മുന്‍പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇടപെടൽ.സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്.

സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചു. അനൗദ്യോഗികമായായിരുന്നു വിശദീകരണം. ഇതിന് പിന്നാലെ പ്രതികരിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഐഎം മുതിര്‍ന്ന നേതാവ് എം സ്വരാജ് രംഗത്തെത്തി.

വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നുമാണ് സ്വരാജ് പറഞ്ഞത്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്‌നമുണ്ടാകുകയായിരുന്നു. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *