തിരുവനന്തപുരം: കേരളത്തിലെ ടിവികെ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് നടന് ദേവനുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സിനിമാതാരവും പാര്‍ട്ടി അംഗവുമായ പ്രിയങ്ക. മൂന്ന് മാസം മുമ്പാണ് താന്‍ ടിവികെയില്‍ അംഗത്വമെടുത്തതെന്നും അവർ പറഞ്ഞു. നടന് ദേവന്റെ ടിവികെ പ്രവേശനത്തില്‍ മധ്യസ്ഥ വഹിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു നടി. ദേവന് ബിജെപിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൂടുതല്‍ കലാകാരന്മാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ടിവികെ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പട്ടിക തയ്യാറാക്കി വരികയാണെന്നും പ്രിയങ്ക പറഞ്ഞു.
നടന് ദേവന് ബിജെപിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പോയി കണ്ടത്. പ്രാഥമിക ചര്‍ച്ചമാത്രമാണ് നടന്നതെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ ഒന്നും ചര്‍ച്ചയായിട്ടില്ലെന്നും വിജയ്യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ അത്തരം ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളുവെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ടിവികെയില്‍ ചേര്‍ന്നതെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രി വിജയ് കാര്യങ്ങള്‍ പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിജയ്യുടെ പാര്‍ട്ടിയില്‍ ചേരുക മാത്രമായിരുന്നു ആഗ്രഹമമെന്നും നടി വ്യക്തമാക്കി.
കേരളത്തില്‍ ടിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ സതീഷ് തോന്നയ്ക്കലാണ് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി. ‘ഒരു സീരിയല്‍ ഷൂട്ടിങ്ങിന് ഇടയിലാണ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം അറിയിച്ചിരുന്നു. കലാകാരന്മാരെ മികച്ച രീതിയില്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ടിവികെ എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെയിരിക്കെയാണ് നടന് ദേവന്റെ രാജി വയ്ക്കുന്നത്. പിന്നാലെ സതീഷ് തോന്നയ്ക്കല്‍ ഇതുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടു. തുടര്‍ന്ന് ദേവനെ ആദ്യം വിളിക്കുന്നത് താനാണെന്നും പ്രിയങ്ക പറഞ്ഞു. ഇതോടെ ദേവന് സംസാരിക്കാന്‍ തയ്യാറായി. പാര്‍ട്ടിയിലേക്ക് ക്ഷണിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും’ പ്രിയങ്ക പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് ബിജെപിയിലെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായും ദേവന് അറിയിച്ചത്. അതേസമയം ടിവികെ പ്രവേശനം മുന്‍കൂട്ടി കണ്ടല്ല ബിജെപിയില്‍ നിന്നും രാജിവച്ചതെന്നും ദേവന് വ്യക്തമാക്കിയിട്ടുണ്ട്.



