തിരുവനന്തപുരം: ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടാൻ കെപിസിസി. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. പഠിച്ച കോളജിൽ വച്ച് അപമാനിതനായി എന്ന വികാരത്തിലാണ് അലോഷ്യസ്. വിവാദം മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണങ്ങൾ അവസാനിപ്പിക്കാനാണ് അലോഷ്യസ് സേവ്യറിന്റേയും തീരുമാനം.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്യുവിന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പ്ലീഡർ നിയമനത്തിൽ കെഎസ്യുന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും കടുത്ത അമർഷമാണ് ഒരു വിഭാഗം നേതാക്കൾക്ക്. ജനങ്ങളോടുള്ള ഉത്തരവാദിത്തം പാലിക്കാൻ സർക്കാർ ബാധ്യസ്ഥമെന്ന് എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും കെഎസ്യുവിനോട് വി ഡി സതീശൻ ആത്മാർത്ഥത കാണിച്ചിട്ടില്ലെന്ന് വിമർശനവുമായി മുൻ കെഎസ്യു ഭാരവാഹിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായി. സംഘടനാ പ്രവർത്തനകാലത്തെ അനുഭവം വിവരിച്ചായിരുന്നു അഡ്വ.റൊസാരിയോ ടോമിയുടെ ഫേസ്ബുക്ക് കുറിപ്പ്. പിന്നീട് കുറിപ്പ് പിൻവലിച്ചു. വി ഡി സതീശനെ അനുകൂലിച്ചും നേതാക്കൾ പ്രതികരണവുമായെത്തി.
