ദുബൈ: അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തികൾ വഴിയോ ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി മാത്രം തൊഴിലാളികളെ നിയമിക്കാൻ മന്ത്രാലയം നിർദേശിച്ചു. നിയമവിരുദ്ധ ഏജൻസികളെ ആശ്രയിക്കുന്നത് സാമ്പത്തിക, സുരക്ഷാ, ആരോഗ്യ റിസ്കുകൾക്ക് വഴിവെക്കുമെന്നും നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അംഗീകൃത ഓഫീസുകൾ വഴി നിയമനം നടത്തുമ്പോൾ ഔദ്യോഗിക നിരക്കുകൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ മന്ത്രാലയം ഉറപ്പുനൽകുന്നുണ്ട്. തൊഴിൽ കരാർ കൃത്യമായി നടപ്പിലാകാത്ത സാഹചര്യങ്ങളിൽ റിക്രൂട്ട്‌മെന്റ് ചെലവുകൾ പൂർണമായോ ഭാഗികമായോ തിരികെ ലഭിക്കാൻ തൊഴിലുടമകൾക്ക് നിയമപരമായ അവകാശമുണ്ട്. രണ്ട് വർഷത്തെ പരമ്പരാഗത റിക്രൂട്ട്‌മെന്റ് രീതിയിൽ ആദ്യത്തെ ആറ് മാസത്തിനുള്ളിൽ നിർദിഷ്ടമായ നാല് സാഹചര്യങ്ങളിൽ നഷ്ടപരിഹാരത്തിനോ പകരം തൊഴിലാളിക്കോ അപേക്ഷിക്കാം.



