കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.എസ്.യുവിന് ഭീഷണിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്. സംസ്ഥാനത്ത് ഭരണം മാറിയാൽ എസ്.എഫ്.ഐക്കാരെ തല്ലാമെന്ന് ഒരു കെ.എസ്.യുകാരനും കരുതേണ്ടതില്ലെന്നും, അക്രമം തുടങ്ങി വെക്കാനാണ് ഭാവമെങ്കിൽ അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കൂത്തുപറമ്പിലുണ്ടായത് കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന ഏകപക്ഷീയമായ ആക്രമണമാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ആക്രമണത്തിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആകാശ് ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റിട്ടുണ്ടെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി. കെ. സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ പണം ചിലവഴിച്ച് തുടങ്ങിയ ചാനൽ വഴി കള്ളപ്രചാരണം നടത്തിയാലൊന്നും യഥാർത്ഥ സത്യത്തെ മൂടിവെക്കാൻ കഴിയില്ലെന്നും, ഗുണ്ടകളെയും സ്ത്രീ പീഡകരെയും നേതൃത്വത്തിൽ പ്രതിഷ്ഠിക്കുന്ന കോൺഗ്രസിന്റെ അക്രമരാഷ്ട്രീയം കൊണ്ട് കേരളത്തിലെ എസ്.എഫ്.ഐയെ തകർക്കാൻ കഴിയില്ലെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
.എസ്.എഫ്.ഐയെ ഒരു സ്റ്റേജാക്കി മാറ്റി തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ നേട്ടം കൊയ്യാൻ വലതുപക്ഷക്കാരെ അനുവദിക്കില്ലെന്നും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ അക്രമം നടത്തി, സ്വയം ആക്രമിക്കപ്പെട്ടു എന്ന് വരുത്തിതീർത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് അൽപത്തരം തന്നെയാണ് കൂത്തുപറമ്പിലും അരങ്ങേറിയതെന്നും സഞ്ജീവ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.



