ദുബൈ: മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ പറപറന്ന ബൈക്ക് റൈഡർ ദുബൈ പൊലീസ് പിടിയിൽ. ഇയാൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് ദുബൈ പൊലീസ് നടപടി.
ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് സ്പെഷ്യലിസ്റ്റ് ട്രാഫിക് പട്രോളിങ് റൈഡറെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ബൈക്ക് കണ്ടുകെട്ടുകയും കൂടുതൽ നിയമനടപടികൾക്കായി റൈഡറെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. ബൈക്ക് വിട്ടുകിട്ടാൻ പിഴത്തുക അടയ്ക്കുകയും മറ്റു നിയമ നടപടികൾ പൂർത്തിയാക്കുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.
