ദുബൈ: കൊടും വേനലിലും മറ്റുള്ളവരുടെ വിശപ്പും ദാഹവുമകറ്റാൻ മണിക്കൂറുകൾ യാത്രചെയ്യുന്നവർക്ക് യുഎഇ ഫുഡ്ബാങ്കുമായി സഹകരിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇനി മുതൽ ഭക്ഷണമെത്തിച്ച് നൽകും. ഡെലിവറി കമ്പനിയായ ഡെലിവറും പദ്ധതിയുമായി കൈകോർക്കുന്നുണ്ട്. ദുബൈയിലെ മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡൈലിവറി ജീവനക്കാർക്ക് വിശ്രമിക്കാൻ സജ്ജമാക്കിയ താൽകാലിക കേന്ദ്രങ്ങളിലേക്കാണ് അവർക്കായി ഭക്ഷണമെത്തുക.
വേനൽചൂട് കണക്കിലെടുത്ത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പുറത്ത് ജോലിയെടുക്കുന്നവർക്ക് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഡെലിവറി റൈഡർമാർക്കുള്ള ഭക്ഷണവിതരണം. 23 കേന്ദ്രങ്ങളിലാണ് ദിവസവും ഇവർക്കായി ഭക്ഷണമെത്തിക്കുന്നത്. ഡെലിവറി ജീവനക്കാർ നിർവഹിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യവും, അവർ സാമ്പത്തികരംഗത്ത് നൽകുന്ന സംഭാവനകൾ മാനിച്ചുമാണ് ഭക്ഷണവിതരണ പദ്ധതിയെന്ന് ആർ.ടി.എ, യു.എ.ഇ ഫുഡ്ബാങ്ക് അധികൃതർ പറഞ്ഞു.



