വീണ വിജയൻ്റെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ.ഡി. ഓഫീസിൽ ഇതിനായുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. കേസിലുൾപ്പെട്ട സിഎംആർഎൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും. ഇ.ഡി. ഉദ്യോഗസ്ഥ സംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു.

പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലുള്ളതാണെന്നാണ് സൂചന.
നേരത്തേ വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചിരുന്നു. സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടിരൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു.

ഇതിൽ വീണയുടെ എക്സാലോജിക്ക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയ 2.78 കോടി രൂപയുടെ വ്യാജ പെയ്‌മന്റുകളും ഉൾപ്പെടുമെന്നാണ് വിവരം. കേസിൽ അന്വേഷണം വേഗത്തിലാക്കാനും കടുത്ത നടപടികളിലേക്ക് നീങ്ങാനുമാണ് ഇ.ഡിയുടെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *