നാലുനില കെട്ടിടത്തിൽ തീപിടുത്തം ; 9 പേർ മരിച്ചു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ചുരുങ്ങിയത് ഒൻപത് പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോളാണ് തീ പടർന്നതെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ പതിനാല് ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്.

രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിദേയമാക്കിയത്. കെട്ടിടത്തിൽ കുരുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ചു പുറത്തെത്തിച്ചു. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാവാം തീപിടുത്തത്തിന് കാരണമായതെന്ന് താമസക്കാരിൽ ഒരാൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *