ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും രാത്രി ഏഴരയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്‌സിനേയും നേരിടും. പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ഹൈദരാബാദ് ഇറങ്ങുന്നത്. തുടര്‍വിജയങ്ങളോടെ പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെടിക്കെട്ട് ബാറ്റിംഗിലൂടെ എതിരാളികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ്. അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും ഹെന്റിച് ക്ലാസനും മനസ്സുവച്ചാല്‍ ഏത് സ്‌കോറും അനായാസം മറികടക്കാനാവും ഹൈദരാബാദിന്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൗണ്ട് മികവിനൊപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയതോടെ ബൗളിംഗ് നിരയും ശക്തം.
സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും താളം കണ്ടെത്തി തുടങ്ങിയ ആശ്വാസത്തിലാണ് കൊല്‍ക്കത്ത. മതീഷ പതിരാന ടീമിനൊപ്പം ചേര്‍ന്നതും കരുത്താവും.അജിങ്ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മ പ്രതിസന്ധി. രാജസ്ഥാനെ നാല് വിക്കറ്റിന് തോല്‍പിച്ച കൊല്‍ക്കത്ത ലക്‌നൗവിനെ മറികടന്നത് സൂപ്പര്‍ ഓവറില്‍. ശക്തമായ ബാറ്റിംഗ് നിരയുളള ബെംഗളൂരുവിനെ എറിഞ്ഞൊതുക്കിയ പ്രകടനം പഞ്ചാബിനെതിരെയും ആവര്‍ത്താക്കാമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്. കാഗിസോ റബാഡ, മുഹമ്മദ് സിറാജ് പേസ് ജോഡിയുടെ ഓവറുകള്‍ നിര്‍ണായകമാവും. റണ്‍സ് പ്രതീക്ഷ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ത്രയത്തില്‍.
അതേസമയം ഒറ്റക്കളിയില്‍ മാത്രം തോല്‍വി അറിഞ്ഞ ശ്രേയസ് അയ്യരുടെ കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പഞ്ചാബ്. പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ ഓപ്പണിംഗ് ജോഡി ക്ലിക്കായാല്‍ കാര്യങ്ങള്‍ എളുപ്പം. ശ്രേയസ് അയ്യരും മാര്‍ക്കസ് സ്റ്റോയിനിസും അതിവേഗം റണ്ണെടുക്കുന്നവര്‍. അര്‍ഷ്ദീപ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുള്‍പ്പെട്ട പഞ്ചാബിന്റെ ബൗളിംഗ് നിരയും ശക്തം.
