സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ശശിധരൻ കർത്തയുടെ മകളെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോ​ദ്യം ചെയ്യൽ. സിഎംആർഎൽ ഡയറക്ടറാണ് ഷിബി എസ് കർത്ത. സിഎംആർഎല്ലുമായി ബന്ധമുള്ള സ്ഥാപനമായ നിപുണ ഇൻ്റർനാഷണൽസിൻ്റെ പ്രധാന ചുമതല കൂടി ഷിബി എസ് കർത്ത വഹിക്കുന്നുണ്ട്. നേരത്തെ ഇഡിയുടെ നിപുണയിലും റെയ്ഡ് നടത്തിയിരുന്നു. CMRLന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത് നിപുണ ഇന്‍റർനാഷണൽസാണ്.

ഇഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്‍റർനാഷണൽസ്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ. അനിൽ ആനന്ദ പണിക്കരും, ശരൺ എസ് കർത്തയും, ഷിബി കർത്തയുമാണ് നിപുണയുടെ ഡയറക്ടർമാർ. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാൽ ശരൺ എസ് കർത്ത ചോദ്യം ചെയ്യലിന് ഹാജരായില്ല.

നേരത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി നിപുണയിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ ഇ ഡിയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎല്ലിൻ്റെ ഹർജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നിശ്ചയിച്ച ദിവസം ഹാജരാകാൻ കഴിയില്ലെന്ന് വീണ ഇ ഡിയെ അറിയിച്ചിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത്രയും സാവകാശം നൽകാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു. പിഎംഎല്‍എ വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ട് ഹാജരാകുമെന്നാണ് വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *