മുളന്തുരുത്തി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു. വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് പുതിയ ഇടയശ്രേഷ്ഠരെ കണ്ടെത്തിയത്.
ഫാ. എൽദോസ് എ.എ., ഫാ. സാംജി റ്റി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരാണ് നിയുക്ത മെത്രാപ്പോലീത്താമാർ. അസോസിയേഷൻ പ്രസിഡന്റായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐ.എ.എസ്. മുഖ്യ വരണാധികാരിയായി തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിംഗ് സൗകര്യവും, നേരിട്ടെത്തിയവർക്കായി ബാലറ്റ് വോട്ടിംഗും ഏർപ്പെടുത്തിയിരുന്നു.



