ഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയി
ലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിലാണ്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പകൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തിയത്. രാത്രിയിലും അന്തരീക്ഷ താപനില ഒട്ടും കുറയാതെ ഉയർന്ന നിലയിൽ തന്നെ തുടരുന്നുണ്ട്. പുതിയ ന്യൂനമർദ്ദത്തിന്റെ വരവോടെ അറേബ്യൻ കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വൻതോതിൽ ഈർപ്പമുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ഈ ഈർപ്പം വടക്കൻ മേഖലയിലെ ഉയർന്ന ചൂടുമായി സമ്പർക്കത്തിൽ വരുന്നതോടെ ശക്തമായ ഇടിമിന്നലിനും കാറ്റിനും പരക്കെ മഴയ്ക്കും കാരണമായേക്കും.
വടക്കുകിഴക്കൻ ഇന്ത്യയിലും പ്രീ മൺസൂൺ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള അന്തരീക്ഷം സജീവമായിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ മഴയുടെ കൃത്യമായ തീവ്രത എത്രത്തോളമായിരിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
