ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നേരെ അതിശക്തമായ നടപടി കൈക്കൊള്ളുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്ന് ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുകളില്ലാതെ കൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ലഹരിക്കായി ചിലര്‍ ഉപയോഗിച്ചു വരുന്നുണ്ട്. അത്തരമൊരു പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കുന്ന പ്രവണത തുടര്‍ന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ കൂടി ഓപ്പറേഷന്‍ തൂഫാന്റെ റഡാറിലേക്ക് കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *