ന്യൂഡല്‍ഹി: സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതായി സിജെപി പറഞ്ഞു. ഏഴ് ദിവസം കൊണ്ട് അദ്ദേഹത്തിന്റെ അഞ്ച് കിലോ ഭാരം കുറഞ്ഞതായും സിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഓരോ ദിവസം കഴിയുമ്പോഴും വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുകയാണെന്നും ധര്‍മ്മേന്ദ്ര പ്രധാനെ എന്തുകൊണ്ട് സ്ഥാനത്തുനിന്ന് നീക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതായും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ എക്സില്‍ കുറിച്ചു.
സോനം സാറിന്റെ ഭാരം അഞ്ച് കിലോ കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില ഒരോ ദിവസം കഴിയും തോറും മോശമാകുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന പുറത്താക്കാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നും ദീപ്കെ ചോദിച്ചു. 20 കുട്ടികള്‍ മരിച്ചിട്ടും പ്രധാന് എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്രമേല്‍ പ്രിയപ്പെട്ട ആളാകുന്നത്?. പ്രധാനെ പുറത്താക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും ദീപ്കെ ചോദിച്ചു. പ്രധാനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നാണ് വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരായിരിക്കുമെന്നും ദീപ്കെ പറഞ്ഞു.
സേനം വാങ്ചുക്കിന് പിന്തുണയുമായി രാജ്യസഭാ എംപി എ എ റഹീം വെള്ളിയാഴ്ച ജന്തര്‍ മന്തറില്‍ എത്തിയിരുന്നു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്ന് റഹീം പറഞ്ഞിരുന്നു. നിലവിലെ സാഹചര്യം നേരിട്ടെത്തി പരിശോധിക്കണം എന്ന് ആവശ്യപ്പെടും. വിഷയം അടുത്ത തവണ പാര്‍ലമെന്റ് ചേരുമ്പോള്‍ ഉന്നയിക്കുമെന്നും റഹീം പറഞ്ഞിരുന്നു.ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി. പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിജീത് ദീപ്കെ കത്തയച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് അഭിജീത് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നിച്ചിരുന്നു.
