കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡോ. അനിത കുമാരി, ഡോ. സി എൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം. കോളേജ് ഗ്രീവിയൻസ് സെല്ലിന്റെ പ്രാഥമിക റിപ്പോർട്ട് പ്രിൻസിപ്പാൾ ഡിഎംഇക്ക് നൽകിയിരുന്നു.

അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിജി വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രേഖാമൂലമാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. കൂടാതെ, തീസിസ് ഒപ്പിട്ട് നൽകില്ലെന്നും , മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നൽകിയായതോടെ പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് ഗ്രീവിയൻസ് സെൽ പ്രാഥമിക അന്വേഷണം നടത്തിയുന്നു. ഈ റിപ്പോർട്ട് ഡിഎംഇക്ക് കൈമാറിയെന്നും ഇനി തുടർന്നുള്ള നടപടി എടുക്കേണ്ടത് ഡിഎംഇ ആണെന്നുമാണ് പ്രിൻസിപ്പാൾ വ്യക്തമാക്കിയത്. അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. നടപടിയില്ലെങ്കിൽ തിങ്കളാഴ്ച്ച പ്രിൻസിപ്പാൾ ഓഫീസ്‌ ഉപരോധിക്കുമെന്നാണ് വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *