മലപ്പുറം: മുസ്‌ലിം ലീഗ് എംഎൽഎമാർക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ടി.ജലീൽ. ലീഗ് എംഎൽഎ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകൾ കിട്ടുമെന്ന് ജലീൽ ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൻ വീണാ ടി ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകളോട് പ്രതികരിച്ചുകൊണ്ടാണ് ജലീൽ ലീഗിനെതിരെ ആരോപണം ഉന്നയിച്ചത്.
വീണയുടെ 85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെയെന്നും അദ്ദേഹം കുറിച്ചു. വീണക്കെതിരായ കള്ളക്കഥകൾക്കും അൽപ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണ്ണരൂപം…
അവസാനം എന്തായി? കുന്തായി!
85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് MLA-മാരുടെ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകൾ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്. ഖുർആനിലെ സ്വർണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ?
ഖുർആനിനൊപ്പം സ്വർണം കയറ്റിയ വണ്ടി എം.സി റോഡ് വഴി ആദ്യം പെരുമ്പാവൂരിലെത്തി. അവിടെ കുറച്ചു പാക്കറ്റുകൾ ഇറക്കി. സ്വർണ്ണക്കട്ടികൾ കയറ്റിയ വണ്ടി തൃശൂരിലെത്തിയപ്പോൾ GPS ബോധപൂർവ്വം കേടു വരുത്തി. പിന്നെ വണ്ടി നേരെ ബാഗ്ലൂരിലേക്ക് പോയി. അവിടെ വെച്ച് സ്വർണ്ണക്കട്ടികൾ കോടികൾക്ക് വിറ്റു.
ഇങ്ങിനെ എന്തൊക്കെ? ചില പത്രങ്ങൾ വണ്ടിയുടെ റൂട്ട് മേപ്പ് ഉൾപ്പടെ കൊടുത്താണ് ഒന്നാം പേജിൽ പ്രധാന വാർത്തയായി ഈ നുണക്കഥകൾ പ്രചരിപ്പിച്ചത്.ഖുർആൻ കോപ്പികൾ കൊണ്ടു പോയ വണ്ടിയുടെ GPS, NIA പരിശോധിക്കാൻ വന്നതു വരെ അന്ന് വാർത്തയായി! NIA-യുടെ തലക്ക് വെളിവില്ലായ്മ അന്നാണ് എനിക്ക് ബോദ്ധ്യമായത്. എന്നിട്ടവസാനം എന്തായി? കുന്തായി! വീണക്കെതിരായ കള്ളക്കഥകൾക്കും അൽപ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ!



