തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഭരണഘടന എല്ലാ മനുഷ്യരെയും സമന്മാരായാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഒരു ഇരുണ്ട കാലഘട്ടം നമുക്ക് ഉണ്ടായിരുന്നു. നിരന്തര പോരാട്ടം നടത്തിയാണ് സ്ത്രീകള്‍ മുഖ്യധാരയിലേക്ക് എത്തിയത്. സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പൊതുസമൂഹത്തിന് സ്വീകാര്യമായ നിലപാടല്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പെണ്‍കുട്ടികള്‍ അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ഇഷ്ടപ്പെട്ട മേഖലകളില്‍ തിളങ്ങുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കം സ്ത്രീകള്‍ കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ്. സ്ത്രീ വിരുദ്ധമായ പ്രതികരണങ്ങള്‍ അനുകരണീയമല്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിനെ ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യ നീതിക്ക് അര്‍ഹമായ വ്യക്തിത്വങ്ങളാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സ്ത്രീകള്‍ അവരവരുടെ അഭിരുചിക്ക് അനുസരിച്ച് ജീവിക്കുന്നു എന്നത് വനിത വികസന വകുപ്പ് മന്ത്രി എന്ന നിലയില്‍ അഭിമാനം നല്‍കുന്ന കാര്യമാണ്. കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് വരേണ്ടതുണ്ട്. സര്‍ക്കാര്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവന ഇറക്കിയത്വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുപക്ഷ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ ‘പ്രദര്‍ശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്‌ഐ വിമര്‍ശിച്ചു. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞത്. സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്‌ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കാന്തപുരം പറഞ്ഞത്. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഐഎം നേതാവ് പി കെ ശ്രീമതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കാന്തപുരം വീണ്ടും സ്ത്രീ വിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പ്രായാധിക്യത്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു.



