ഡൽഹി: പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹിന്ദി ചിത്രം ദായ്‌റയുടെ ട്രെയ്‌ലർ പുറത്ത്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്‌റ. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 18 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ഇൻവെസ്റ്റിഗേഷൻ- ത്രില്ലർ ഴോനറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ.
പൃഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്‌റ. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്.



