സലാല: ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രത്യേക സപ്പോർട്ട് ഫോഴ്സിനെ നിയോഗിച്ചു. മസ്കത്തിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദ്യ സുരക്ഷാ സംഘം സലാലയിലേക്ക് തിരിച്ചു. ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അത്യാധുനിക എമർജൻസി പോയിന്റുകൾ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ ജാസിർ, ദോഫാറിലെ ഷഹാബ് അസൈബ്, ഹാരിത് മേഖലകളിലും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ദോഫാറിലേക്ക് തിരിക്കുന്ന സഞ്ചാരികൾക്കായി അതോറിറ്റി കർശന സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും, ഫസ്റ്റ് എയ്ഡ് കിറ്റും അഗ്നിശമന ഉപകരണവും വാഹനത്തിൽ കരുതണമെന്നും വേഗപരിധി കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അംഗീകൃതമല്ലാത്ത വെള്ളച്ചാട്ടങ്ങൾ, നീരുറവകൾ, കുളങ്ങൾ, കടൽത്തീരങ്ങൾ എന്നിവടങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും ടൂറിസം സ്ഥാപനങ്ങളും ഹോട്ടലുകളും ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഖരീഫ് സീസൺ: സലാലയിൽ സുരക്ഷ ശക്തമാക്കി സിവിൽ ഡിഫൻസ്
