കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായത്തില്‍ നേതാക്കള്‍

തിരുവനന്തപുരം: മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്‍. പാര്‍ട്ടി നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് കെ മുരളീധരന്‍. ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്ന് കെ മുരളീധന്‍ പറഞ്ഞു. എത്രയും പെട്ടന്ന് തീരുമാനിച്ചാല്‍ പാര്‍ട്ടിക്കൊരു ഉത്തേജനം ലഭിക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാം ഈ ക്യാബിനറ്റിലുണ്ട്. എല്ലാവരും ഗവണ്‍മെന്റിന്റെ ഭാഗമായി മാറി. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് നല്ലൊരു പ്രവര്‍ത്തനം നടക്കണമെങ്കില്‍ പുതിയ പ്രസിഡന്റ് വരണം. എന്നാല്‍ ,നല്ല ഊര്‍ജസ്വലതയോടെ കാര്യങ്ങള്‍ നടക്കും. ഗവണ്‍മെന്റിനെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കെപിസിസിയുടെ ശക്തമായ നേതൃത്വം ഉണ്ടാകണം. ഇപ്പോള്‍ പ്രസിഡന്റ് ക്യാബിനറ്റിലായതുകൊണ്ടുതന്നെ അദ്ദേഹത്തിന് അതിനുള്ള നേരം കിട്ടില്ല. അത് മനസിലാക്കി എത്രയും പെട്ടന്ന് തന്നെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ് – അദ്ദേഹം പറഞ്ഞു.

മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് തന്നെ ഉണ്ടാകുമെന്ന് വിഎസ് ശിവകുമാറും പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ആശയവിനിമയം നടത്താന്‍ കെപിസിസിക്ക് പുതിയ കമ്മിറ്റി നിലവില്‍ വരേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പാര്‍ട്ടിയും ഗവണ്‍മെന്റുമായി ആശയവിനിമയം നടത്താനും അതിനനുസരിച്ചുള്ള പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും തീര്‍ച്ചയായും കെപിസിസിയുടെ പുതിയ കമ്മിറ്റി നിലവില്‍ വരേണ്ടത് ആവശ്യമാണ്. യുഡിഎഫ് നേതൃത്വം അക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. കഴിഞ്ഞ കാലഘട്ടങ്ങളിലൊക്കെ അങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *