ജപ്പാൻ : ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയിൽ, മണിക്കൂറുകളോളം ഒരേയിരിപ്പിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ അമിതഭാരം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ വണ്ണം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിം പരസ്യങ്ങളുടെയും പ്രളയമാണ് സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതുവിടങ്ങളിലും. ഇതിനിടയിലാണ് ജപ്പാനിൽ നിന്നുള്ള ഒരു ഫിറ്റ്നസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ലക്ഷണക്കണക്കിന് ആളുകളെ ആകർഷിച്ച് കൊണ്ട് തരംഗമാകുന്നത്.
വെറും 4 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം ദിവസവും കൃത്യമായി പിന്തുടർന്നാൽ ഒരു ആഴ്ച കൊണ്ട് 5 കിലോഗ്രാം വരെ ഭാരം കുറയ്ക്കാനാകുമെന്നാണ് വീഡിയോയിലെ പ്രധാന അവകാശവാദം. “ഡംബെല്ലുകൾ ദൂരെയെറിയൂ, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഈ ലളിതമായ രീതി പരീക്ഷിക്കൂ” എന്നതാണ് വീഡിയോ നൽകുന്ന സന്ദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) റീപോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30 ലക്ഷത്തിലധികം ആളുകൾ കാണുകയും 60,000-ത്തോളം ലൈക്കുകൾ നേടുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ സമ്മിശ്രവും രസകരവുമായ പ്രതികരണങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്.’



