കാസർഗോഡ്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വിമര്‍ശനം. മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ലെന്നാണ് പ്രധാന പരാതി. മന്ത്രിമാര്‍ ഏജന്റുമാരാല്‍ നിയന്ത്രിക്കപ്പെടുന്നതായും ആരോപണമുയരുന്നുണ്ട്. മന്ത്രിമാരുടെ ജില്ലാ സന്ദര്‍ശനങ്ങളെയും പരിപാടികളെയും കുറിച്ച് പാര്‍ട്ടി നേതാക്കള്‍ അറിയുന്നില്ലെന്നും പരാതിയുണ്ട്. മന്ത്രിമാര്‍ ജില്ലയില്‍ എത്തുന്ന ദിവസവും പരിപാടികളും ഭാരവാഹികള്‍ അറിയുന്നില്ല. മന്ത്രിമാര്‍ക്ക് ഒപ്പമുള്ള ചില ഏജന്റുമാരാണ് ഷെഡ്യൂള്‍ നിയന്ത്രിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ചുമതലയേറ്റ ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്, തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജി എന്നിവരാണ് ജില്ലയില്‍ എത്തിയത്. നിലവില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനും നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.



