മോദി മൗനവൃതത്തിലാണ്

ഡൽഹി : അമേരിക്കൻ സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ 10-ന് ഗൾഫ് മേഖലയിലെ ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ അമേരിക്കൻ മിസൈൽ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഇതിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായി സംസാരിച്ചതിന് പിന്നാലെ അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ പ്രസ്‌താവനയാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. അമേരിക്കൻ സൈന്യം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ വാണിജ്യ കപ്പലുകൾ പാലിക്കണമെന്നും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനെതിരെ സമൂഹമാധ്യമമായ എക്‌സിൽ പ്രതികരിച്ച രാഹുൽ ഗാന്ധി, ഒരു സ്വതന്ത്ര രാജ്യം ഇത്തരം ഭാഷ ഒരിക്കലും അംഗീകരിക്കില്ല. എന്നാൽ നമ്മുടെ ഒത്തുതീർപ്പിലായ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് എന്ന് വിമർശിച്ചു. അമേരിക്കയുടെ നിർദേശങ്ങൾ കേട്ട് അനുസരിക്കുന്ന ഒരു വിധേയ സേവകനെപ്പോലെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *