പൂനെ: പ്രതിശ്രുതവരനെ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിതേഷ് ഹാംഗെ എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ജൂണ്‍മാസം പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ കേതന്‍ അഗര്‍വാളിനെ സിയാ ഗോയലും ആണ്‍സുഹൃത്ത് ചേതനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ചേതന്റെ സുഹൃത്താണ് റിതേഷ്.
കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ റിതേഷും പങ്കാളിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൂനെ റൂറല്‍ എസ്പി സന്ദീപ് ഗില്‍ പറഞ്ഞു. കേതന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് പരിക്കേല്‍പ്പിക്കാനും പിന്നീട് കൊലപ്പെടുത്താനുമുള്ള സിയയുടെയും ചേതന്റെയും പദ്ധതിയെക്കുറിച്ച് റിതേഷിന് അറിയാമായിരുന്നു. ലൊഹാഗഡ് കോട്ടയില്‍നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം ചേതന്‍ റിതേഷിനെ വിളിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് റിതേഷിന്റെ പങ്ക് വ്യക്തമായത്. കേതനെ എങ്ങനെ കോട്ടയില്‍നിന്ന് തള്ളിയിടണം, കുറ്റകൃത്യത്തിന്റെ തെളിവുകള്‍ എങ്ങനെ ഇല്ലാതാക്കണം തുടങ്ങിയ കാര്യങ്ങള്‍ ഈ ഫോണിലെ ചാറ്റുകളിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വഡ്ഗാവ് മാവല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിതേഷിനെ സെപ്റ്റംബര്‍ 12 വരെ റിമാന്‍ഡില്‍വിട്ടു.
മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വധുവായ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുൻപ് കേതനെ കൊലപ്പെടുത്താൻ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ജൂൺ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.



