ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുകയും ബോണസും നൽകിയില്ല. കടം വാങ്ങിയും മറ്റും മത്സരത്തിനെത്തിയ ക്ലബ്ബുകളെല്ലാം ആശങ്കയിലാണ്. സാധാരണ മത്സരം കഴിയുമ്പോൾ ചെക്ക് നൽകാറുണ്ടായിരുന്നു. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നൽകുമായിരുന്നു. ഓഗസ്റ്റ് 22-നാണ് നെഹ്റുട്രോഫി മത്സര വള്ളംകളി നടന്നത്. ഇക്കുറി സമ്മാനത്തുകയെല്ലാം വർധിപ്പിച്ചിരുന്നു. ചുണ്ടൻവള്ളങ്ങളിൽ വിജയിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നത് 25 ലക്ഷമായി ഉയർത്തിയിരുന്നു.
രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നൽകുമെന്നായിരുന്നു വാഗ്ദാനം. ബോണസ് തുകയായി എട്ടേകാൽ ലക്ഷം രൂപവീതം വള്ളങ്ങൾക്ക് ലഭ്യമാകുന്നതാണ്. അതും നൽകിയില്ല. സർക്കാർ ഗ്രാന്റായി രണ്ടുകോടി രൂപ പ്രഖ്യാപിച്ചിരുന്നതും എത്തിയിട്ടില്ല. ഈ തുക ആർ.ഡി.ഒ. ഓഫീസിൽ എത്തുന്ന മുറയ്ക്ക് ക്ലബ്ബുകളെ അറിയിച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി അതും മുടങ്ങി. ഓരോ വള്ളത്തിന്റെയും സമ്മാനത്തുകയും ബോണസും എല്ലാം എഴുതിത്തയ്യാറാക്കുന്നതിനായി സമയം കൂടുതൽ ആവശ്യമാണ്. അതിനാലാണ് പണം കൈമാറാത്തതെന്നാണ് വിവരം.



