നേപ്പാൾ: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229 പേർ മരിച്ചതായാണ് കണക്ക്. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. അതേസമയം, ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തിരച്ചിലിനായി നേപ്പാളിലെത്തി. മിന്നൽ പ്രളയത്തിന് ശേഷമുള്ള സഹായത്തിന് ഇന്ത്യക്കും ചൈനക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി പറഞ്ഞു. രണ്ട് രാജ്യങ്ങളും പ്രളയത്തിന് തൊട്ടുപിന്നാലെ സഹായം എത്തിച്ചെന്ന് ബാലെൻ ഷാ പറഞ്ഞു. ഇന്ത്യയും ചൈനയും യുഎസും നൽകുന്ന സഹായം നഷ്ടപരിഹാരമാണെന്ന് വിദേശകാര്യമന്ത്രി ശിസിർ ഖനാൽ പറഞ്ഞത് വിവാദമായിരുന്നു. കാലാവസ്ഥാ മാറ്റത്തിനുള്ള നഷ്ടപരിഹാരമാണിതെന്നാണ് വിദേശകാര്യമന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞത്.



