തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി. പിണറായിയുടെ നിലപാട് തള്ളിയുള്ള തോമസ് ഐസക്കിൻറെ പ്രതികരണം തുറന്ന ചർച്ചയ്ക്കുള്ള ആഹ്വാനം എന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ചർച്ച പരിമിതപ്പെടുത്താനുള്ള കണ്ണൂർ ലോബിയുടെ നീക്കം പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികളും ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും. പാർട്ടിക്ക് അല്ല, ജനങ്ങൾക്കാണ് തെറ്റ് പറ്റിയത് എന്ന പിണറായിയുടെ പ്രസംഗത്തെ അപ്പാടെ തള്ളുന്നത് ആയിരുന്നു തോമസ് ഐസക്കിൻറെ പ്രസംഗം. ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻറ് ആണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് പാർട്ടി വേദിയിൽ തുറന്നു സമ്മതിച്ചിരിക്കുകയാണ് തോമസ് ഐസക്ക്. 10 വർഷം ഭരിച്ചപ്പോൾ പാർട്ടി പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും തോമസ് ഐസക് തുറന്നടിച്ചു.



