ന്യൂസിലൻഡ്: ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ഉള്ളവർക്ക് ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് എം.ഡി.എം.എ (MDMA) നിർദ്ദേശിക്കുന്നതിനാണ് രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് വെള്ളിയാഴ്ച അനുമതി ലഭിച്ചത്. ഇതോടെ പി.ടി.എസ്.ഡി ചികിത്സയ്ക്കായി എം.ഡി.എം.എ. തെറാപ്പി ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ്. ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ മെഡ്സേഫ് (Medsafe) ആണ് ഇതിനുള്ള അംഗീകാരം നൽകിയത്.
2023-ൽ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി നൽകിയത്. ജീവിതങ്ങൾ ഇല്ലാതാക്കുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പി.ടി.എസ്.ഡി. എന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡേവിഡ് സീമൂർ പറഞ്ഞു. പി.ടി.എസ്.ഡി.യെ ചികിത്സിക്കുന്നതിൽ എം.ഡി.എം.എ വളരെ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവർക്ക് മാജിക് മഷ്റൂം ഉപയോഗിക്കാനുള്ള അനുമതിയെയും പിന്തുണച്ചിട്ടുള്ളയാളാണ് അദ്ദേഹം.



