ഡോണൾഡ് ട്രംപിന്റെ മുഖമുള്ള നാണയം അമേരിക്കയിൽ തരംഗമാകുകയാണ്. ഇതിന് വേറെയുമുണ്ടൊരു പ്രത്യേകത.. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി, ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ മുഖത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം സ്വാതന്ത്ര്യം, ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നീ വാക്കുകളും ഈ പുതിയ നാണയത്തില്‍ കാണാം. രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന, ചരിത്രപരമായ ഒരു നാഴികക്കല്ലായാണ് ഈ പ്രത്യേക എഡിഷന് നാണയത്തെ ഇവ പുറത്തിറക്കുന്ന യുഎസ് മിന്റ് വിശേഷിപ്പിക്കുന്നത്. വരും കാലങ്ങളില്‍ നാണയശേഖരണക്കാരുടെ പ്രിയപ്പെട്ട ഇനമായി ഇത് മാറുമെന്നും യുഎസ് മിന്റ് വ്യക്തമാക്കുന്നു.
കാണുമ്പോള്‍ സ്വര്‍ണ്ണ നിറമാണെങ്കിലും നാണയത്തില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണമൊട്ടുമില്ല. 88.5% ചെമ്പും, ബാക്കി സിങ്ക്, മാംഗനീസ്, നിക്കല്‍ എന്നിവയും ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നാണയങ്ങള്‍ക്ക് അമേരിക്കയിൽ വലിയ ഡിമാന്‍ഡാണ്. 25 എണ്ണമുള്ള ഒരു റോളിന് 61 ഡോളറും, 100 എണ്ണമുള്ള ബാഗിന് 154.50 ഡോളറുമാണ് വില. വില്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുഎസ് മിന്റിന്റെ വെബ്സൈറ്റില്‍ ഇവ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു. വാഷിങ്ടൺ ഡിസിയിലെ യുഎസ് മിന്റ് സ്റ്റോറിലെ വെന്‍ഡിങ് മെഷീനുകള്‍ വഴിയും ഇത് വില്‍ക്കുന്നുണ്ട്.
കഴിഞ്ഞ മേയില്‍, ട്രംപിന്റെ ചിത്രമുള്ള 250 ഡോളറിന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞിരുന്നു. എന്നാല്‍ 1866-ലെ തെയര്‍ ഭേദഗതി പ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം യുഎസ് കറന്‍സി നോട്ടുകളില്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഫെഡറല്‍ നിയമം വിലക്കുന്നുണ്ട്. ഇതിനൊരു ഇളവ് കൊണ്ടുവരാന്‍ ട്രംപ് അനുകൂലികള്‍ കോണ്‍ഗ്രസില്‍ നിയമനിര്‍മ്മാണത്തിന് ശ്രമിച്ചെങ്കിലും അത് ഇതുവരെ പാസായിട്ടില്ല.എന്നാല്‍, നോട്ടുകളിലെ ഈ വിലക്ക് പരമ്പരാഗതമായി നാണയങ്ങള്‍ക്ക് ബാധകമല്ല. 2020-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന നിയമപ്രകാരം, നാണയത്തിന്റെ പിന്‍ഭാഗത്ത് ജീവിച്ചിരിക്കുന്ന ആളുടെ ചിത്രം നല്കാന് പാടില്ല. എന്നാല്‍ മുന്‍ഭാഗത്ത് പടം നല്‍കുന്നതിന് വിലക്കില്ല. ഇതനുസരിച്ചാണ് ഇപ്പോള്‍ ട്രംപിന്റെ ചിത്രം നാണയത്തിന്റെ മുന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പ് 1926-ല്‍ അന്നത്തെ പ്രസിഡന്റ് കാല്വിന് കൂളിഡ്ജിന്റെ ചിത്രം നാണയത്തില്‍ നല്‍കിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റ് ഈ ചരിത്രനേട്ടത്തില്‍ എത്തുന്നത്. ലോകത്തെ പ്രശസ്ത ശേഖരങ്ങളുടെ പട്ടികയിലേക്കാണ് ട്രംപിന്റെ മുഖമുള്ള നാണയവും ഇടം പിടിക്കുന്നത്.



