കൊച്ചി : മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം നാളെ തിയറ്ററുകളിൽ എത്തും. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ എന്റർടെയ്നറായാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ തന്റെ പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി. വെൽക്കം ഹോം എന്ന് പറഞ്ഞ നിവിൻ പോളി, ഐ ആം ഗെയിം വൻ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറട്ടെ എന്നും ആശംസിച്ചു.
‘വെൽക്കം ഹോം, പ്രിയ സഹോദരാ ദുൽഖർ സൽമാൻ. ‘ഐ ആം ഗെയിം’ (Im Game) എല്ലാ അർത്ഥത്തിലും ഒരു വൻ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു’, എന്നായിരുന്നു നിവിൻ പോളിയുടെ വാക്കുകൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് നാളെ ഐ ആം ഗെയിം തിയറ്ററിൽ എത്തുക.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.



