തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം വേണ്ടെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഭക്ഷണ പൊതി വിതരണത്തെ സർക്കാർ തടയേണ്ട കാര്യമില്ല. ഭക്ഷണം നൽകുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും നിയമസഭ കാണില്ലായിരുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണ്. എന്നാൽ കമ്മ്യൂണിറ്റി കിച്ചൺ കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്.
അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി ദുരഭിമാനം വെടിയണമെന്നും അതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് സർക്കാർ തടസ്സപ്പെടുത്തുന്നതെന്ന് മനസിലാവുന്നില്ലെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
