വാഷിങ്ടൺ: ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്വ്യവസ്ഥ “തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു.
ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‘എനിക്ക് സമയപരിധിയൊന്നുമില്ല. ഞാൻ ധൃതിയിലല്ല’ എന്നായിരുന്നു അൽ ജസീറയുടെ റിപ്പോർട്ടർ ടാന്യ നൂരിയുടെ ചോദ്യങ്ങളോടുള്ള ട്രംപിൻ്റെ പ്രതികരണം.
ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മരിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് മാസങ്ങളായി വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കൻ കമന്റേറ്റർ ഗ്ലെൻ ബെക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയാണെങ്കിൽ പോലും ഇറാൻ ഉദ്യോഗസ്ഥർ കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാനും അന്തിമ അനുമതി തേടാനുമൊക്കെ ശ്രമിക്കുന്നതായി പറയുന്നതിനാൽ അവർ വളരെ മികച്ച രീതിയിലുള്ള ഒരു നാടകം തന്നെയാണ് അവതരിപ്പിക്കുന്നത് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാൻ പരമോന്നത നേതാവിന്റെ ശരീരത്തിന്റെ ഇടതുഭാഗത്ത് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ ഹോർമുസ് കടലിടുക്കിലെ ജലപരിധിയും അതിൽ നിന്നുള്ള വരുമാനവും പങ്കിടുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇറാൻ അനുകൂല വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദേശം ഒരു മാസം മുമ്പാണ് ഒമാനുമായി ഞങ്ങൾ ചർച്ചകൾ ആരംഭിച്ചത്. ഇരുപക്ഷവും അംഗീകരിച്ച ഫലങ്ങളിലേക്ക് ചർച്ചകൾ എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് ഐആർജിസി വക്താവിനെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. കടലിടുക്കിലെ ജലപരിധിയിൽ ഓരോ രാജ്യത്തിനുമുള്ള വിഹിതവും അതിൽ നിന്നുള്ള വരുമാനത്തിൽ ഇറാനും ഒമാനും ലഭിക്കേണ്ട വിഹിതവും സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾക്ക് അമേരിക്ക തടസ്സം സൃഷ്ടിച്ചതായും ഇതുമൂലം ചർച്ചകൾ വൈകിയതായും ഐആർജിസി വക്താവ് ആരോപിച്ചു.



