കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇമാമുമാർക്കും പൂജാരിമാർക്കും നൽകി വന്നിരുന്ന സ്റ്റൈപ്പന്റ് പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ച് സുവേന്ദു അധികാരി സർക്കാർ. മതപരമായ അലവൻസുകളേക്കാൾ പൊതുപണം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സമുദായങ്ങളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ് നൽകുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
ബിജെപി സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുരോഹിതർക്ക് നൽകിവരുന്ന സ്റ്റൈപെൻഡ് പദ്ധതികൾ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം.
മദ്രസ വകുപ്പിന്റെയും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മതാധിഷ്ഠിത സഹായ പദ്ധതികൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി നഗരവികസന മന്ത്രി അഗ്നിമിത്ര പോൾ വ്യക്തമാക്കി. പദ്ധതികൾ മാസാവസാനം വരെ തുടരുകയും തുടർന്ന് ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്യുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇമാമുമാർക്ക് 3,000 രൂപയും പുരോഹിതർക്ക് 2,000 രൂപയും പ്രതിമാസ സ്റ്റൈപ്പന്റ് നൽകുന്ന പദ്ധതിയാണ് സർക്കാർ നിർത്തലാക്കുന്നത്. പ്രത്യേക പേര് നൽകാത്ത പദ്ധതി മമതാ ബാനർജി സർക്കാരാണ് നടപ്പിലാക്കിയത്. 2011ൽ അധികാരത്തിൽ വന്നതിന് പിന്നാലെ 2012ലാണ് ഇമാമുമാർക്കുള്ള അലവൻസ് പദ്ധതി നിലവിൽ വന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് 2020 സെപ്റ്റംബറിലാണ് പൂജാരിമാർക്കുള്ള സാമ്പത്തിക സഹായം മമത സർക്കാർ ഏർപ്പെടുത്തിയത്. 2010 നും 2024 നും ഇടയിൽ ഒബിസി വിഭാഗത്തിൽ ചേർത്ത പുതിയ സമുദായങ്ങളുടെ പട്ടിക റദ്ദാക്കാനും പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. കൂട്ടിച്ചേർക്കലുകളിൽ വലിയൊരു പങ്കും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. മമത ബാനർജി ഭരണകൂടം അവതരിപ്പിച്ച ഉപ-വർഗ്ഗീകരണ സംവിധാനവും സർക്കാർ പിൻവലിച്ചിട്ടുണ്ട്.
അതേസമയം സ്ത്രീകൾക്കുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതിയ്ക്കും സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതിയ്ക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ജൂൺ 1 മുതൽ 3,000 രൂപ ധനസഹായം ലഭിക്കുന്ന ‘അന്നപൂർണ്ണ യോജന’യ്ക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി. നിലവിലുള്ള ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്ത്രീകൾ സ്വയമേവ ഈ പരിപാടിയുടെ കീഴിൽ വരും. അതേസമയം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കും. ജൂൺ 1 മുതൽ പശ്ചിമ ബംഗാളിലുടനീളമുള്ള സ്ത്രീകളുടെ ബസ് യാത്ര സൗജന്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
