മസ്കത്ത്: വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ പുതുക്കിയ മാനദണ്ഡങ്ങളുമായി ഒമാന്‍ എയര്‍. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ ഇ-മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ട്രാവല്‍ ഏജന്‍സികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോണ്ടാക്ട് വിവരങ്ങള്‍ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ക്ക് പകരമായി നല്കാന് കഴിയില്ല.
ഓഗസ്റ്റ് 18 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നതായും ബുക്കിങ്ങില്‍ നല്കുന്ന ഫോണ്‍ നമ്പറും ഇ- മെയില്‍ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരന് നിയോഗിച്ച കോണ്ടാക്ട് വ്യക്തിയുടേതോ ആയിരിക്കണമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.
വിമാനം വൈകല്‍, സര്‍വീസ് സമയത്തിലെ മാറ്റം, റദ്ദാക്കല്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ നേരിട്ട് വിവരം അറിയിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. എസ്എംഎസ്, വാട്സ്അപ്, ഇ-മെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒമാന്‍ എയറിനു യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കും. ശരിയായ രാജ്യാന്തര കണ്ട്രി കോഡ് ഇല്ലാത്ത ഫോണ്‍ നമ്പര്‍, പ്രവര്‍ത്തനരഹിതമായ ഇമെയില്‍ വിലാസം എന്നിവ നല്കിയാല് പ്രധാന അറിയിപ്പുകള് ലഭിക്കാതെ പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ ബുക്കിങ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഒമാന്‍ എയര്‍ നിര്‍ദേശിച്ചു.



