ഇടുക്കി: സർക്കാർ പച്ചക്കറി സംഭരണകേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ കാന്തല്ലൂരിലെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കർഷകരുടെ പ്രധാന ആശ്രയമായിരുന്ന സംഭരണകേന്ദ്രങ്ങൾ മൂന്നുവർഷമായി അടഞ്ഞുകിടക്കുകയാണ്. 2023ലാണ് ഇവിടെ അവസാനമായി പച്ചക്കറി സംഭരണം നടന്നത്.
വർഷങ്ങൾക്കുമുമ്പ് സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ പണം പോലും നിരവധി കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഉൽപ്പന്നങ്ങൾ വിൽക്കാൻ സ്ഥിരമായ വിപണി ഇല്ലാതായതോടെ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നതായും ഇത് ചൂഷണത്തിന് വഴിയൊരുക്കുന്നതായും കർഷകർ പറയുന്നു.
വിത്തിനും വളത്തിനും സബ്‌സിഡി നൽകിയിരുന്ന ‘ഇടുക്കി പാക്കേജ്’ 2020ൽ നിലച്ചതും മേഖലയിലെ കാർഷിക പ്രതിസന്ധി രൂക്ഷമാക്കി. പച്ചക്കറികൾ വൃത്തിയാക്കുന്നതിനും സംസ്കരിക്കുന്നതിനുമായി സ്ഥാപിച്ച വിലകൂടിയ യന്ത്രങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതിലൂടെ വലിയതോതിലുള്ള പൊതുപണം പാഴായതായും ആക്ഷേപമുണ്ട്.
പ്രാദേശിക കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് പകരം തമിഴ്‌നാട് വിപണിയിൽനിന്ന് പച്ചക്കറികൾ എത്തിക്കുന്ന രീതിയിലേക്ക് സംവിധാനം മാറിയതായും പരാതിയുണ്ട്. ഇതോടെ കാന്തല്ലൂരിലെ കർഷകർക്ക് മതിയായ വിപണി ലഭിക്കാത്ത സാഹചര്യമുണ്ടായി.
ഉൽപ്പാദനച്ചെലവ് വർധിക്കുമ്പോഴും വിളകൾക്ക് ന്യായവില ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കടബാധ്യത ഉയർന്നതോടെ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. അടഞ്ഞുകിടക്കുന്ന സംഭരണകേന്ദ്രങ്ങൾ ഉടൻ തുറക്കണമെന്നും കർഷകർക്ക് നൽകാനുള്ള കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യം ശക്തമാണ്.
കർഷകർക്ക് ഉറപ്പുള്ള വിപണി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രങ്ങൾ ഇപ്പോൾ കാടുകയറി നശിക്കുന്ന നിലയിലാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കാന്തല്ലൂരിലെ കർഷകരുടെ ആവശ്യം.



