ഡൽഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങി പോയി. തൃണമൂല്‍ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഇതോടെ മഴക്കാല സമ്മേളനത്തില്‍ പ്രതിഷേധ കാറ്റ് ശക്തമായി വീശുമെന്നുറപ്പായി. സര്‍വകക്ഷി യോഗത്തില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക് ആദ്യ സൂചനയായി. കോണ്‍ഗ്രസുമായി ഇടഞ്ഞ് പ്രത്യക ബ്ലോക്കായിരിക്കാന് നിശ്ചയിച്ച ഡി എം കെ അടക്കം പാര്‍ട്ടികള്‍ ഇറങ്ങിപോക്കില് ഒപ്പം ചേര്‍ന്നു. തൃണമൂല്‍ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ച നടപടിയെ എം പിമാർ ശക്തമായി ചോദ്യം ചെയ്തു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുമായുള്ള വിമതരുടെ ലയനം സ്പീക്കര്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നടക്കം പ്രതിപക്ഷ എം പിമാർ ചൂണ്ടിക്കാട്ടി. പ്രതിഷേധം പ്രതീകാത്മകമെന്നറിയിച്ച് പിന്നീട് എം പിമാര്‍ യോഗത്തിലേക്ക് തിരിച്ച് കയറി. വളരെ പ്രധാനപ്പെട്ട ബില്ലുകള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ വരുമെന്നും പ്രതിഷേധിച്ച് വെറുതെ സമയം കളയരുതെന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയത്.
തൃണമൂൽ കോൺഗ്രസ് വിമതരെ ക്ഷണിച്ചതിൽ പ്രതിഷേധം ; സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
