തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കാർഷിക മേഖലയിലെ മൂല്യവർദ്ധനവ് ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേരള സർക്കാരും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കേര’ (KERA – Kerala Climate Resilient Agri-Value Chain Modernisation Project). ആധുനിക കൃഷിരീതികളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും സംസ്ഥാനത്തെ കാർഷിക സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി റബ്ബർ കർഷകരുടെ ക്ഷേമവും ഉൽപ്പാദനക്ഷമതയും മുന്നിൽ കണ്ടുകൊണ്ട് 250 കോടി വിഹിതത്തോടെയുള്ള ‘റബ്ബർ പുനരുജ്ജീവന പദ്ധതി’ക്ക് സർക്കാർ തുടക്കം കുറിച്ചു. സംസ്ഥാനത്തൊട്ടാകെ 30,000 ഹെക്ടറിലെ പുനർനടീലും 50,000-ത്തോളം കർഷകർക്ക് നേരിട്ടുള്ള ധനസഹായവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർ മരങ്ങൾ മാറ്റി ഉയർന്ന വിളവും കാലാവസ്ഥാ അതിജീവനശേഷിയുമുള്ള പുതിയ തൈകൾ വച്ചുപിടിപ്പിക്കുന്നതിന് ഹെക്ടറൊന്നിന് 75,000 സാമ്പത്തിക സഹായമായി ലഭിക്കും. ഒരാൾക്ക് പരമാവധി 2 ഹെക്ടർ വരെയുള്ള പുനർനടീലിന് (1,50,000 വരെ) ആനുകൂല്യം നേടാം.
ധനസഹായം രണ്ടു ഘട്ടങ്ങളിലായി ലഭിക്കും. ആദ്യ വർഷം 55,000-വും രണ്ടാം വർഷം 20,000-വുമാണ് അനുവദിക്കുക. 25 സെന്റ് മുതൽ 5 ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതിയിൽ പ്രത്യേക പ്രാധാന്യം ലഭിക്കുക. കർഷകർക്ക് താങ്ങാവുന്ന ചെലവിൽ ഉയർന്ന നിലവാരമുള്ള അത്യുൽപ്പാദന ശേഷിയുള്ള റബ്ബർ തൈകൾ ലഭ്യമാക്കുന്നതിനായി 30 അംഗീകൃത നഴ്സറികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്നു.
പോളി ഹൗസ്, കാലാവസ്ഥാ സംരക്ഷണ ഷെഡ്, ഫെർട്ടിഗേഷൻ, സ്പ്രിങ്ക്ലർ ജലസേചനം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾക്ക് യൂണിറ്റിന് 50% സബ്സിഡി (പരമാവധി 6 ലക്ഷം വരെ) അനുവദിക്കും. സാമ്പത്തിക സഹായത്തിന് പുറമേ, കാലാവസ്ഥ അതിജീവന ശേഷിയുള്ള കൃഷിരീതികൾ കൈമാറുന്നതിനായി റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കർഷകർക്ക് പ്രത്യേക പരിശീലനം നൽകും.
പദ്ധതി ശരിയായ രീതിയിൽ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും കർഷകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും കേരയുടെ ഫീൽഡ് ഓഫീസർമാരുടെ നേരിട്ടുള്ള പിന്തുണ ലഭ്യമാണ്. കാലാവസ്ഥ പ്രതിരോധ ശേഷിയുള്ള മികച്ച ഇനം തൈകൾ ഉപയോഗിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് സ്ഥിരമായ ഉൽപ്പാദനവും വർദ്ധിച്ച വരുമാനവും ഉറപ്പാക്കാൻ സാധിക്കും.
കർഷകർക്കും അംഗീകൃത നഴ്സറികൾക്കും കേരയുടെ ഔദ്യോഗിക വെബ്പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.keraplantation.kerala.gov.in. കൈവശാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ (ഓൺലൈൻ അപേക്ഷയ്ക്കൊപ്പം) & ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്നും തൈകൾ വാങ്ങിയ ബിൽ എന്നിവ സഹിതമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. റബ്ബർ കർഷകർക്ക് പുറമെ കാപ്പി കർഷകരുടെ ഉപ്താപദനക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള ധനസഹായ പദ്ധതികളും, ഏലം കർഷകർക്കുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കുന്ന പദ്ധതികളും കേര നടപ്പിലാക്കുന്നുണ്ട്.
