കോട്ടയം: പാലാ നഗരസഭയില്‍ റിയ ബിനോ ചീരാംകുഴി യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ. യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമതയായ മായ രാഹുലാണ് എതിര്‍ സ്ഥാനാര്‍ഥി. എല്‍ഡിഎഫ് മായ രാഹുലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ നാല് പേര്‍ മറുകണ്ടം ചാടിയത്തോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. നിലവില്‍ ഒന്‍പത് പേരാണ് യുഡിഎഫ് ആയി നില്‍ക്കുന്നത്. ഇതില്‍ മൂന്നുപേര്‍ പുളിക്കക്കണ്ടം കൗണ്‍സിലര്‍മാരാണ്. ഇവരുമായി ചര്‍ച്ച നടത്തിയാണ് എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ റിയ ബിനോ ചീരാംകുഴിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വിമതര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ അറിയിച്ചു. അതേസമയം, എല്‍ഡിഎഫിന് ഉള്ളിലും പടല പിണക്കങ്ങള്‍ ഉണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ നാളത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
ഓഫ് റോഡ് ജീപ്പ് ഓട്ടമത്സരത്തിലെ താരമാണ് റിയ. കേരളത്തിലെമ്പാടും നടന്ന 15 ഓഫ്റോഡ് മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്തശേഷം ടിടിസി പാസായ റിയ പാലായിലെ സ്വകാര്യസ്‌കൂളിലെ അധ്യാപികകൂടിയാണ്.



