തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് ആഗസ്റ്റ് 20 മുതൽ വ്യാഴാഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവീസ്. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്.
ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്കായി 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെയുള്ള ടോയ്‌ലറ്റ് സൗകര്യവും ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകും. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജിങ് പോർട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്.



