കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തള്ളിക്കളയില്ലെന്ന് സ്പിന്‍ ബൗളിംഗ് കോച്ച് സെയ്രാജ് ബഹുതുലെ. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നും ബഹുതുലെ വ്യക്തമാക്കി. ഗാലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 25 ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ 14 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ പുറത്താക്കിയതായിരുന്നു അദ്ദേഹത്തിന്റെ ഏക നേട്ടം.
ഇന്ത്യയുടെ മറ്റ് സ്പിന്നര്‍മാരായ മാനവ് സുതറും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുല്‍ദീപിന് തിളങ്ങാനാവാതെ പോയി. മാനവ് സുതര്‍ മത്സരത്തില്‍ ആകെ 10 വിക്കറ്റുകളും ജഡേജ 4 വിക്കറ്റുകളും നേടിയിരുന്നു. പന്ത് പഴകുന്തോറും കുല്‍ദീപിന്റെ റിസ്റ്റ് സ്പിന്‍ ബൗളിംഗിന് അനുകൂലമായ സാഹചര്യമുണ്ടായില്ലെന്ന് ബഹുതുലെ വിശദീകരിച്ചു. കുക്കബുറ ബോള്‍ വേഗത്തില്‍ സോഫ്റ്റാകുന്നത് ലെഗ് സ്പിന്നര്‍മാരെ സംബന്ധിച്ച് പന്തിന്റെ സീം നഷ്ടപ്പെടാനും ഗ്രിപ്പ് കിട്ടാതിരിക്കാനും കാരണമാകും. ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് പന്ത് സോഫ്റ്റാകുമ്പോള്‍ പന്തെറിയാന്‍ താരതമ്യേന എളുപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



