കൊച്ചി: സിനിമ സെറ്റിൽ വെച്ച് യുവ നടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടി സജിത മഠത്തിൽ. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിത രഞ്ജിത്തിനെ പരിഹസിച്ചത്. ഇത്തരം ചേട്ടന്മാർ ശക്തമായി തിരിച്ചു വന്ന് ഇനിയും സിനിമകൾ എടുക്കുമെന്നും, കേസ് കൊടുത്ത നടി ഇനി സിനിമാ ലോകത്തിനു പുറത്താവുമെന്നും സജിത മഠത്തിൽ കുറിച്ചു. ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു,അവൾ ഐസിയിൽ പരാതി കൊടുത്തിട്ടില്ല, അവൾക്ക് അഭിനയിക്കാനറിയില്ല എന്നീ സ്ഥിരം ന്യായീകരണ കമന്റുകളെയാണ് പ്രധാനമായും കുറിപ്പിൽ ചൂണ്ടികാട്ടിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന യുവ നടിയുടെ പരാതിയിലാണ് കൊച്ചി പോലീസ് സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. അതിക്രമം നടന്നപ്പോൾ കാരവനിൽനിന്നും ഇറങ്ങിയോടിയ നടി സംഭവം സെറ്റിലുള്ള ആളുകളോടും പറഞ്ഞതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ രഞ്ജിത്ത് എറണാംകുളം സബ് ജയിലിൽ റിമാൻഡിൽ തുടരുന്നു.
സജിത മഠത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ചർച്ചയിൽ പ്രമുഖർ. ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. അവൾ ഐസിയിൽ പരാതി കൊടുത്തില്ല! ഞങ്ങൾ പുറത്താക്കിയല്ലോ… കേസ് കോടതിയിൽ ആയതിനാൽ ആ വിഷയം സംസാരിക്കണ്ട. പിന്നെ ഒരു രഹസ്യം പറയാം… ഇത് ഗൂഢാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലന്നേ. പറഞ്ഞു വിട്ടു അവൻ, അതിനാ… അപ്പൊ കൂടുതൽ ചർച്ചയില്ല. പിന്നേ അവൾക്കൊപ്പം തന്നെ.പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്ന് ചേട്ടന്മാർ സിനിമയെടുക്കും. കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്. കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല.
