മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്ന പരാതിയിൽ സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്കെതിരെ എഫ്ഐആര്‍. ജില്ലാ പരിഷത്ത് ഉര്‍ദു സ്കൂളിലെ അധ്യാപകന് സയിദ് ഷംഷദ്ഭാനൂ ഖൈരാതാലി നല്കിയ പരാതിയിലാണ് നടപടി. ക്ലാസുകള്‍ തടസപ്പെടുത്തി, അധ്യാപകരെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. ഓസ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
‘സ്കൂള്‍ ഠീക്ക് കരോ'(സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെടുത്തു) എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ദീപ്കെ സ്കൂളിലെത്തിയത്. ദീപ്കെയും അനുയായികളും അനുമതിയില്ലാതെ സ്കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ദീപ്കെയുടെ സന്ദര്‍ശനം മൂലം ക്ലാസുകള്‍ മുടങ്ങുകയും ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തടസം നേരിട്ടുവെന്നും പരാതിയിൽ പറയുന്നു. സ്കൂൾ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ ദീപ്കെ പ്രചരിപ്പിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു. മാത്രമല്ല മറ്റൊരു സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും തങ്ങളുടെ സ്കൂളിലെത്തിച്ച് ക്ലാസുകളിലിരുത്തിയെന്ന ആരോപണവും അധ്യാപകൻ ഉന്നയിക്കുന്നുണ്ട്. അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുമെന്ന ഭീഷണിയും ദീപ്കെ ഉയര്‍ത്തിയെന്നാണ് ആരോപണം.
ലാത്തൂരിലെ ഓരോ സ്കൂളുകളും സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്നങ്ങള്‍ ദീപ്കെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. സന്ദര്‍ശനത്തിനിടെ സ്കൂളിലെ വൃത്തിയില്ലായ്മ, ശൗചാല്യങ്ങളുടെ ശോചനീയാവസ്ഥ, കുടിവെള്ള ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ദീപ്കെ ഉന്നയിച്ചിരുന്നു. സ്കൂള്‍ ഹെഡ്മാസ്റ്ററോട് നേരിട്ട് തന്നെ ഇക്കാര്യങ്ങള്‍ ചോദിച്ച ദീപ്കെ ഇതിന് വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.



