കൊച്ചി : ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സിമ്രാനും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു. ‘രാക്ഷസി’, ‘കഴുവേത്തി മൂർക്കൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗൗതം രാജ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മുമ്പ് കമൽ ഹാസൻ നായകനായ ‘പഞ്ചതന്ത്രം’ എന്ന സിനിമയിൽ ആണ് ജയറാമും സിമ്രാനും ഒന്നിച്ച് അഭിനയിച്ചത്. കൂടാതെ ഇരുവരും ജോഡിയായി അഭിനയിക്കുന്നത് ഇതാദ്യമായാണ്. ‘പഞ്ചതന്ത്ര’ത്തിന് ശേഷം സിമ്രാന്റെ കൂടെ വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിലും, ഇത്തവണ താരത്തിന്റെ ജോഡിയാകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കവെ ജയറാം പറഞ്ഞു.
ജയറാം എന്ന വലിയ നടനോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്. തൊണ്ണൂറുകളിലെ തലമുറയ്ക്കും , 2K തലമുറയ്ക്കും, അതോടൊപ്പം പുത്തൻ തലമുറയ്ക്കും ഒരുപോലെ കണക്ട് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരിക്കും ഈ ചിത്രത്തിന്റേതെന്നും സിമ്രാൻ കൂട്ടിച്ചേർത്തു.



