ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചതെന്ന് എഐസിസി വൃത്തങ്ങൾ. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുൽ ഗാന്ധി തീരുമാനിക്കും. മുതിർന്ന നേതാവ് സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുതിർന്ന നേതാവ് എകെ ആന്റണിയും ആരെയും നിർദ്ദേശിച്ചില്ലെന്നാണ് സൂചന. അതേസമയം, എംഎൽഎമാരുടെ എണ്ണം അവഗണിക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായം തേടി. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെസി വേണുഗോപാലുമായി ഖർഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖർഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.
മനസ്സ് തുറക്കാതെ സോണിയയും ആന്റണിയും
