ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് ആണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി.
വിട്ടുമാറാത്ത രോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഉയർന്ന ചെലവുകളുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ളതിനും 23 ലക്ഷം രൂപ വരെ പദ്ധതിയിൽ നിന്ന് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുകയെന്നാണ് സൂചന.



