പിടി പിരീഡിൽ കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ; കേസെടുത്ത് പൊലീസ്

പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ​ഗവൺമെന്റ് എച്ച്എസ്എസിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയത്. മോശമായി സംസാരിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്. പിടി പിരീഡിൽ ഫുട്ബോള്‍ കളിക്കാൻ പോയി എന്നാണ് അധ്യാപകൻ ആരോപിക്കുന്ന കുറ്റം. 26 വിദ്യാര്‍ത്ഥികളെയാണ് ചൂരൽ കൊണ്ട് അധ്യാപകൻ അതിക്രൂരമായി മര്‍ദിച്ചത്. ചില കുട്ടികളുടെ വിരൽത്തുമ്പിലാണ് അടി കൊണ്ടത്. അസഹ്യമായ വേദനയുണ്ടായി എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇവരിൽ മൂന്ന് കുട്ടികള്‍ക്ക് ചികിത്സ തേടേണ്ടതായി വന്നു. രക്ഷിതാക്കളിൽ ചിലര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വാളയാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കൊടുവായൂര്‍ സ്വദേശിയാണ് യുപി സ്കൂള്‍ അധ്യാപകനായ സാദിഖ്. ഇതിന് മുൻപും ഈ അധ്യാപകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടികളോട് മോശം പദപ്രയോഗം നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപകൻ പഠിക്കാൻ പറഞ്ഞിട്ടും കളിക്കാൻ പോയതിനാണ് ശിക്ഷിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *